Saturday, 6 August 2011

ഫേസ് ബുക്ക്


ഫേസ് ബുക്ക് അറിയുന്തോറും അടുപ്പം കൂടുന്ന ഒരു മഹാസംഭവം.അലഞ്ഞിട്ടുണ്ട് അതിന്റുള്ളില്‍.ലാപ്പ് ടോപ്പില്‍ ഇന്റര്‍നെറ്റില്‍ കുത്തികൊണ്ടിരിക്കുന്നവന് ഒരു ആഗ്രഹമുണ്ടാകുന്നു . 
എന്താ? !! ഫേസ് ബുക്കില്‍ ചെന്നുകയറാന്‍... എന്തിനാ? ഒരു പ്രൊഫൈല്‍ ഉണ്ടാക്കണം..
ഫേസ് ബുക്ക് !! സൗഹ്രിദകൂട്ടായ്മയുടെ മാന്ത്രികവലയത്തെ കുറിച്ച് പഠിക്കാന്‍ ചെന്ന് ചോദിച്ചത് ഒരു പഴയ കൂട്ടുകാരന്റെ അടുത്ത്. 
മൂപ്പരു നല്ല തിരക്കാ.. എന്താ സംഭവം ..നല്ല "എ" ക്ലാസ് പഞ്ചാര .
ആവശ്യം അറിയിച്ചു .യൂസര്‍ നെയിം പാസ് വേര്‍ഡ് തരാന്‍ പറഞ്ഞു .
ഇന്നലെ ഇന്റര്‍നെറ്റ് കണ്ടവന്റെ കയ്യില്‍ എന്താ ഉള്ളത്... ഒന്നുമില്ല. 
ഒടുവില്‍ ഇന്റര്‍നെറ്റിന്റെ ബാലപാഠം ചൊല്ലിതന്ന ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഒരു യാഹൂവില്‍ ഒരു ഐഡി ഉണ്ടാക്കി കൊടുത്തു.ഉണ്ടാക്കി കൊടുത്ത ഉടന്‍ മൂപ്പരു ഒരു പ്രൊഫൈല്‍ അങ്ങു പടച്ചു തന്നു.. 
പിന്നെ വാളില്‍ സ്റ്റാറ്റസും ,കമന്റില്‍ ലൈക്കുമായി കാലം ഒരുപാട് .
ഒടുവില്‍ ഒരുനാള്‍ ഗുരുവിന്റെ വാളില്‍ ഒരു നന്ദിവാക്കും പോസ്റ്റി യാത്രതുടര്‍ന്നു. ഇന്നും തീരാത്ത പോസ്റ്റുകള്‍..


സ്റ്റാറ്റസിന്റെ അടിയില്‍ ലൈക്ക് അടിക്കുന്നത് ഒരിക്കലും അവസാനിക്കുനില്ല


ശംഭോ മഹാദേവാ..

Saturday, 30 July 2011

FRIENDSHIP Day സൗഹ്രിദ ദിനം

ജീവിതത്തിന്റെ ഒഴുക്കിനൊപ്പം മനുഷ്യന്‍ തുഴയുമ്പോള്‍ അതിനിടയില്‍ നമ്മള്‍ മറന്നുപോകുന്നത് സൗഹ്രിദം എന്ന സ്നേഹത്തിന്റെ അടയാളമാണ്.ഏതൊരു സ്നേഹബന്ധത്തിനപ്പുറം അമൂല്യമായ ഒരു മനുഷ്യബന്ധം അതാണ്‍ സൗഹ്രിദം.ബാല്യത്തിന്റെ പിഞ്ചുകാലുകള്‍ പിച്ചവെയ്ക്കുമ്പോള്‍ കൈകോര്‍ത്തുപിടിച്ചു നടന്ന ,അക്ഷരങ്ങള്‍ കോറിയിടുന്ന സ്ലേറ്റിന്റെ നിറം മങ്ങാതിരിക്കാന്‍ മഷിതണ്ടു പങ്കുവെച്ച , കലാലയത്തിന്റെ വസന്തകാലങ്ങളില്‍ ഒരു മനസ്സുമായി കൂടെ നടന്ന ആ കൂട്ടുകാരെ,അവരുടെ നന്മമാത്രം നിറഞ്ഞ സത്യമായ സ്നേഹത്തെ ഓര്‍ത്തെടുക്കാന്‍ പറ്റുമെങ്കില്‍ ഒരു ആശംസവാക്കുകളും,സ്നേഹസന്ദേശങ്ങളുമായി അവരിലേക്ക് മറന്നുപോയ സൗഹ്രിദത്തിന്റെ അടിവേരുകള്‍ ഊട്ടിയുപ്പിക്കാന്‍ ഒരു ദിനം നമ്മളിലേക്ക് കടന്നുവന്നിരിക്കുന്നു.ആഗസ്ത് 1 FRIENDSHIP DAY. ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാനുള്ളതും ഈ സൗഹ്രിദത്തിന്റെ ഓര്‍മ്മകള്‍ മാത്രമായിരിക്കും.ജാതിയും,മതവും,നിറവും തരവും എല്ലാം മറന്ന് രണ്ട് മനസ്സുകള്‍ തമ്മില്‍ സത്യമായ ഒരു സ്നേഹം,ആത്മബന്ധം പങ്കിടുന്നത് ഈ സൗഹ്രിദത്തിലൂടെ മാത്രം.കാലത്തിന്റെ കടന്നുപോക്ക്, വിവരസങ്കേതിക വിദ്യയുടെ വളര്‍ച്ച ഇതെന്നും സൗഹ്രിദത്തിന് ഒരു മുതല്‍കൂട്ടാകുന്ന ഈ കാലഘട്ടത്തില്‍ മണ്‍മറഞ്ഞെന്നു കരുതിയ,അല്ലെങ്കില്‍ കാണമറയത്ത് നഷ്ടപ്പെട്ടുപോയ പല സൗഹ്രിദങ്ങളും ഇന്റ്ര്‍നെറ്റിലെ സൗഹ്രിദകൂട്ടായ്മകളിലൂടെ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയുന്നു എന്നതും സന്തോഷകരമായ ഒരു കാര്യമാകുന്നു.ഒരു ഈമെയിലിലൂടെയോ,ചാറ്റിങ്ങിലൂടെയോ പരസ്പരം ആ സൗഹ്രിദത്തിന്റെ പച്ചപ്പുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ മനസ്സ് ചെന്നെത്തുന്നത് ഒരു പക്ഷേ ചളിവെള്ളത്തില്‍ ആര്‍പ്പുവിളിക്കുന്ന ബാല്യത്തിന്റെ ഓര്‍മ്മകളിലേക്കോ അല്ലെങ്കില്‍ പ്രണയത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ഒളിഞ്ഞികിടക്കുന്ന കലാലയത്തിന്റെ മരത്തണലിലേക്കോ ഒന്നിനുമല്ലാതെ പിണങ്ങിയിരുന്ന ദിവസങ്ങളിലേക്കോ ആവാം..ദൈവത്തിന്റെ കയ്യൊപ്പോടുകൂടിയ ഈ അനശ്വരബന്ധത്തിന്റെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും കണ്ടറിഞ്ഞ്  നമ്മള്‍ എന്നും ഒരു നല്ലകൂട്ടുകാരനോ കൂട്ടുകാരിയോ ആയി ജീവിക്കുക. ഈ   ചെറിയ ജീവിതത്തില്‍ നമുക്ക് കിട്ടാവുന്ന പുണ്യമായി ഒരോ സൗഹ്രിദങ്ങളേയും കാണുക. മനസ്സുനിറയെ സന്തൊഷം നല്‍കി ഒരു മഴവില്ലു പോലെ പല സൗഹ്രിദങ്ങളും മാഞ്ഞുപോകുമ്പോഴും പ്രതീക്ഷകളും സ്നേഹവും നല്‍കാന്‍ പുതിയ സൗഹ്രിദങ്ങള്‍ വിരിയുമ്പോള്‍ അത് ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.എന്നെ സ്നേഹിക്കുന്ന,ഞാന്‍ സ്നേഹിക്കുന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്മയോടെ,സ്നേഹത്തോടെ നേരുന്നു ..സന്തോഷത്തോടെ ഒരു സൗഹ്രിദ ദിനം
Happy FRIENDSHIP Day

Friday, 10 June 2011

പ്രവാസി


തെളിഞ്ഞൊഴുകുന്ന പുഴകളേ ,പച്ചവിരിച്ചാടുന്ന പാടങ്ങളെ
നെഞ്ചോട് ചേര്‍ത്ത് സ്നേഹിച്ചവന്‍ , ഉടുത്തിരിക്കുന്ന മുണ്ടും
മാടികുത്തി കടത്തിണ്ണയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറപറഞ്ഞിരുന്നവന്‍
അവന്റെ ആഗ്രഹത്തിന് മുകളില്‍ അത്യാഗ്രഹം കുടിയേറിയപ്പോള്‍
ആ ആകാശനൗകയുടെ ചിറകില്‍ അവന്‍ കടലുതാണ്ടി വന്നു.
മുരള്‍ച്ചയോടെ ഓടിമറയുന്ന വാഹനങ്ങളുടെ ശബ്ദങ്ങള്‍ക്കും
ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും.ഒറ്റമുറിയിലെ രണ്ടാനിലയില്‍
നാടിന്റെ പച്ചപ്പിനെ ഓര്‍മ്മയാക്കിമാറ്റുന്നു.
കുത്തരി ചോറും,സ്വദേറിയ കറികളിലും മതിമറന്ന അവന്റെ
നാവില്‍ പച്ചമൈദയില്‍ ചുട്ടെടുത്ത് കുബ്ബൂസും,തൈരും രുചിപകര്‍ന്നു.
അറിയാതെ എങ്കിലും ഒരു നുള്ള് ഉപ്പുകൂടിയതിന് കലഹിച്ച ആ രാത്രി
ആ അമ്മയുടെ കൈപുണ്യം ,അതിനെല്ലാം മനസ്സില്‍ കുറ്റബോധം തൊന്നി.
മുരളുന്ന എയര്‍കണ്ടീഷനു കീഴെ തലചായ്ക്കുമ്പോള്‍ ആ കണ്ണില്‍ നിന്നും
അടര്‍ന്നു വീണ കണ്ണുനീര്‍ അവന്റെ തലയിണകളെ ഈറനണിയിച്ചു.
ദിവങ്ങള്‍ പിന്നിലോട്ട് നീങ്ങുന്നു. എഴുതിവച്ച കരാറും കഴിഞ്ഞ്
വീണ്ടും അവന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നു.
പ്രവാസജീവിതത്തിലേക്ക് വീണ്ടും ഒരു തിരിഞ്ഞുനോട്ടം നടത്തിയാല്‍
എന്താണ് നേട്ടങ്ങള്‍?
നിത്യരോഗങ്ങളായ കൊളസ്ട്രോളും ഷുഗറും,പ്രമേഹവും!!

Wednesday, 8 June 2011

ഒറ്റചിലങ്ക

അഗ്രഹാരത്തിന്റെ തുളസിത്തറയുള്ള തിരുമുറ്റത്ത് വേദമന്ത്രങ്ങളുടെ പതിഞ്ഞ ശബ്ദങ്ങള്‍ക്കിടയില്‍  പട്ടുപാവാടയുടൊത്തൊരു കുഞ്ഞുബാല്യം. അവളുടെ കളിയും ചിരിയുമെല്ലാം ചിലങ്കകളുടെ കിലുക്കമായിരുന്നു,സംഗീതത്തിന്റെ സ്വരങ്ങളായിരുന്നു.ഭാഗവതരായ മുത്തശ്ശന്റെ സംഗീതശീലുകളായിരുന്നു എന്നും അവളുടെ കാതുകളില്‍ .അമ്മയുടെ നൃത്തചുവടുകളായിരുന്നു അവള്‍ ഹ്രിദിസ്ഥമാക്കിയതും.  മനസ്സില്‍ അവളെന്നും പ്രണയിച്ചതും നൃത്തവും സംഗീതവും മാത്രം.കളം വരച്ചകോലായിയില്‍ അവള്‍ ചിലങ്കളുടെ സംഗീതം പകര്‍ന്നാടി.കലയെ മാത്രം മനസ്സില്‍ ധ്യാനിച്ച് മനസ്സില്‍ ഒരു കലാകാരിയാകണം വേദികളില്‍ അരങ്ങു തകര്‍ത്ത് നിറഞ്ഞ സദസ്സിന്റെ കരഘോഷങ്ങള്‍ ഇതെല്ലാം അവളുടെ ആഗ്രഹമയിരുന്നു.സ്വപ്നങ്ങളായിരുന്നു. പക്ഷേ കാലം അവളെ പെട്ടെന്ന് വളര്‍ത്തി.സംഗീതത്തിനും നൃത്തത്തിനുമൊപ്പം മനസ്സില്‍ നിശബ്ദമായി നെഞ്ചിലേറ്റിയ ഒരു പ്രണയസങ്കല്പം കൂടി തകര്‍ത്തെറിഞ്ഞ് ഒരു യാഥാസ്തിതിക കുടുംബന്ധത്തിന്റെ ഉറച്ച അടിവേരുകളുടെ നിര്‍ബന്ധിത താലിചരടിനു മുന്നില്‍ അവള്‍ക്ക് തലകുനിക്കേണ്ടി വന്നു.തന്റെ ഇണയിലെ കലയോടുള്ള ശ്യൂനമായ സ്നേഹം തന്റെ ചിലങ്കകള്‍ക്കൊപ്പം മനസ്സിലെ പ്രതീക്ഷകളും,സ്വപ്നങ്ങളും കവര്‍ന്നെടുക്കപ്പെടുകയാണെന്ന നനുത്ത നോവ് പതുക്കെ അവള്‍ തിരിച്ചറിഞ്ഞു.വീണകമ്പികളില്‍ സ്വരമുയര്‍ത്തിയ അവളുടെ വിരലുകള്‍പോലും അവള്‍ക്ക് വ്യര്‍ത്ഥമെന്ന് തോന്നി. അവളുടെ ചിലങ്കള്‍ പടിഞ്ഞാറ്റെ തട്ടില്‍ പൊടിപിടിക്കാന്‍ തുടങ്ങി.അഗ്രഹാരത്തിന്റെ അകത്തളങ്ങളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ ചിന്തകളേയും സ്വപ്നങ്ങളേയും ബലികഴിക്കേണ്ടി വന്നു.ഒരു ഭാര്യയില്‍ നിന്നും ഒരു സ്ത്രീ അനുഗ്രഹിക്കപ്പെടുന്ന മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് അവള്‍ മാറ്റപ്പെട്ടു.ചുരന്നിറങ്ങുന്ന മുലപ്പാലിനൊപ്പം അവളുടെ മനസ്സിലെ സംഗീതവും ,നൃത്തവും ഊട്ടി അവള്‍ അവളുടെ പൊന്നോമനയെ വളര്‍ത്തി.മനസ്സിലെ ബാക്കിയായ ആഗ്രഹങ്ങള്‍ക്ക് മകളിലൂടെ പൂര്‍ണതയേകാന്‍ ആ അമ്മമനസ്സ് വല്ലാതെ തുടിച്ചു.പിച്ചവെച്ചനാള്‍ മുതല്‍ ആ പതുപതുത്ത കാലുകളില്‍ നൃത്ത ചുവടു പകര്‍ന്നു നല്‍കി. ഉറക്കാന്‍ പാടിയ താരാട്ടിലൂടെ സംഗീതത്തിന്റെ സ്വരങ്ങള്‍ ആ കൊച്ചുകാതില്‍ ഉരുവിട്ട് കൊടുത്തു.ആ കുഞ്ഞു കൈക്കും കാലിനുമൊപ്പം സംഗീതവും,നടനവും വളര്‍ന്നു.സ്നേഹത്തില്‍ ചാലിച്ച് അമ്മ നല്‍കിയ കലാഭിരുചി അവളുടെ കാലില്‍ ചിലങ്കയണിയിച്ചു,അവള്‍ക്കു വേണ്ടി ശ്രുതികളുണര്‍ന്നു.വേദികളില്‍ ആ കൊച്ചു കലാകാരി നേട്ടങ്ങള്‍ നേടിയെടുക്കുമ്പോള്‍ മനസ്സില്‍ തനിക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങളും,അഗ്രഹങ്ങളും വീണ്ടെടുക്കുകയായിരുന്നു ആ അമ്മ.സ്വന്തം മകളിലൂടെ പണ്ടെങ്ങോ കാലം മടക്കിയെടുത്ത സ്വപ്നങ്ങളുടെ വിജയം ആഘോഷിക്കുകയായിരുന്നു ആ അമ്മ. മക്കളെന്ന മഹാപുണ്യം എന്നും മാതാപിതാക്കള്‍ക്കു വേണ്ടി വിജയിക്കുകയാണ്.അവരിലേക്കെത്തുന്ന ഒരോ ബഹുമതികളും ,കൈയ്യടികളും ജന്മംകൊടുത്തവര്‍ക്ക്  പകരം നല്‍കുന്ന സമ്മാനമാണ്.

ചെമ്മീന്‍ Facebook Version

പരീകുട്ടി : കറുത്തമ്മ ഫേസ് ബുക്ക് വിട്ട് പോയാലും ഞാന്‍ ഫേസ് ബുക്ക് വിടില്ല
കറുത്തമ്മ:കൊച്ചു മുതലാളി നമ്മളെന്തിന് ഈ ഫേസ് ബുക്കില്‍ കണ്ടുമുട്ടി?
പരീകുട്ടി: ദൈവം സജസ്റ്റ് ചെയ്തിട്ട്.ഞാനീ ഫേസ് ബുക്കില്‍ കറുത്തമ്മയെ ഓര്‍ത്ത് കമന്റടിച്ച് കമന്റ്ടിച്ച് നടക്കും
കറുത്തമ്മ: ഞാന്‍ ത്രിക്കുന്നപുഴയിലിരുന്ന് ഞാന്‍ ആ കമന്റെ കണ്ട് ചങ്കുപൊട്ടികരയും
പരീകുട്ടി:ഒടുവില്‍ ലൈക്കടിച്ച് ലൈക്കടിച്ച് മൗസ് കേടാകും
കറുത്തമ്മ:അതിന് മുന്‍പ് ഞാന്‍ പുതിയ റിക്വസ്റ്റുമായി പറന്നിങ്ങ് എത്തും
പരീകുട്ടി: എന്നിട്ട് ഓണ്‍ലൈനുള്ള രാത്രിയില്‍ രണ്ട് പ്രൊഫൈലും ടാഗ് ചെയ്ത് പോക്കടിച്ചു ഈ ഫേസ് ബുക്കില്‍ സ്റ്റേറ്റസ് ഇട്ട് നടക്കും

Thursday, 2 June 2011

കൂട്ടുകാരി

ഇന്നും പതിവു പോലെ ആ മുഖപുസ്തകത്തിന്റെ താളുകള്‍ ഞാന്‍ മറിച്ചു നോക്കി, ഓര്‍മ്മയിലെവിടെയോ എഴുതിവച്ച അവളുടെ പേരിന് ഞാന്‍ ഒരു അടിക്കുറിപ്പെഴുതി. എന്നെ സ്വയം പരിചയപ്പെടുത്തി. കേട്ടുമറന്നതാണെങ്കിലും എന്നെ തിരിച്ചറിയാനും അവള്‍ക്ക് അധികനേരം വേണ്ടി വന്നില്ല.ഔപചാരികതയുടെ പുറം മോഡിയില്ലാതെ പരസ്പരം വാചാലരായി.പറയുന്ന വാക്കുകള്‍ക്കിടയില്‍ തമ്മിലറിയാവുന്നവരെ കുറിച്ചുള്ള വര്‍ണ്ണനകള്‍ .ഒരു ചെറിയ  സമയം കൊണ്ട് കാലങ്ങളുടെ പരിചയം പോലെ ചങ്ങാത്തം വളരുന്നത് പരസ്പരം അറിഞ്ഞു.അവളുടെ വാക്കുകളില്‍ നിഷ്കളങ്കത തുളുമ്പുന്ന കൊച്ചു കിട്ടിയുടെ നൈര്‍മല്യവും ഒരു നല്ല കൂട്ടുകാരിയുടെ സ്നേഹോപദേശം നിറഞ്ഞിരുന്നു.ഭൂതകാലത്തിന്റെ അടിയൊഴുക്കില്‍ ഒഴുകിപോയ ഓര്‍മ്മകളും , സന്തോഷങ്ങളും ,മനസ്സില്‍  നീറുന്ന വേദനയോടെ പൊതിഞ്ഞുകെട്ടിയ നൊമ്പരങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ പരസ്പരം തുറന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ മൂടികെട്ടിയ കാര്‍മേഘങ്ങള്‍ ഒരു മഴയായ് പെയ്തുതോര്‍ന്ന പ്രതീതി.വാക്കുകളിലെ അളവറ്റ സ്നേഹവും സൗഹ്രിദവും പരസ്പരം പങ്കുവെച്ച് പിരിയുമ്പോള്‍ രണ്ടുപേരും അറിയാതെ പറഞ്ഞ വാക്കുകള്‍ " നീ ഒരിക്കലും തനിച്ചല്ല ഞാന്‍ നിന്നോടൊപ്പമുണ്ട് ".ആ സൗഹ്രിദം എന്നെ ഓര്‍മ്മിപ്പിച്ചത്  ആണ് .മനസ്സുനിറയെ സന്തൊഷം നല്‍കി ഒരു മഴവില്ലു പോലെ പല സൗഹ്രിദങ്ങളും മാഞ്ഞുപോകുമ്പോഴും പ്രതീക്ഷകളും സ്നേഹവും നല്‍കാന്‍ പുതിയ സൗഹ്രിദങ്ങള്‍ വിരിയുമ്പോള്‍ അത് ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.

Monday, 30 May 2011

ഭാര്യ

അമ്മയ്ക്ക്  പൊന്നുമോളായി
അച്ചന് ഓമനയായി
പൊന്നാങ്ങളമാരുടെ ഉണ്ണിയാര്‍ച്ചയായി
ഏട്ടത്തിമാരുടെ നാത്തൂനായി
ഒടുവില്‍ കഴുത്തില്‍ കുരുക്കിട്ട
താലിചരടിന്റെ ബന്ധ(ന)ത്തില്‍
ഒരു ഭാര്യയായി.

Saturday, 21 May 2011

ചിരി അക്ഷരമാണ്

"ചിരി " മനുഷ്യന് ദൈവം നല്‍കിയ ഒരു വലിയ അനുഗ്രഹം.പലഭാവങ്ങളില്‍ എന്നാല്‍ ഒരു പേരില്‍ .കള്ളം നോട്ടം നല്‍കി കടലാസു പൂക്കള്‍ ഉതിര്‍ന്ന് വീണ കലാലയത്തിന്റെ നടവഴിയില്‍ അവള്‍ ആദ്യാമായ് എന്നെ നൊക്കി ചിരിച്ചു.പരിചയത്തിന്റെ ഒരു  ചിരി.പിന്നീടെപ്പോഴോ മനസ്സില്‍ അറിയാതെ മഴവില്ലുപോലെ പൂത്ത പ്രണയം അവളോട് തുറന്ന് പറഞ്ഞപ്പൊള്‍ മറുപടിയായ് അവളെന്നിക്ക് തന്നത് പ്രണയത്തിന്റെ വശ്യമായ ചിരിയായിരുന്നു.പ്രണയം നനച്ച ആ ചിരി.ഒഴുകിയ കാലങ്ങള്‍ക്ക് ശേഷം എന്റെ പ്രണയത്തെ തിരസ്കരിച്ചു കൊണ്ട് അവളുടെ മനസ്സ് അവള്‍ മറ്റാര്‍ക്കോ നല്‍കി എന്നെ നോക്കി വീണ്ടും ചിരിച്ചു.വഞ്ചന ഒളിഞ്ഞിരിക്കുന്ന ഒരു ചിരി.ഒരു പെണ്ണിനാല്‍ വഞ്ചിക്കപ്പെട്ട എന്നെ നോക്കി എന്റെ കൂട്ടുകാരും ചിരിച്ചു.പരിഹാസത്തിന്റെ ചിരി. ഒടുവില്‍ നഷ്റ്റപ്രണയത്തിന്റെ നീറുന്ന നൊമ്പരം മനസ്സിലൊതുക്കി ഞാനും പുറമേ ചിരിച്ചുകാണിച്ചു.തേങ്ങലിനെ മറച്ച മറ്റൊരു ചിരി.എല്ലാം അറിഞ്ഞ പെറ്റമ്മ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രം ചിരിച്ചു. സാന്ത്വനത്തിന്റെ നിഷ്കളങ്കമായ ചിരി.ജീവിതത്തിലെ ഏതൊരു സാഹചര്യത്തിലും ആര്‍ക്കും ആരോടും സംവദിക്കുവാനുള്ള ലളിതമായ ഭാവം.ചിരി.ആയിരം വാക്കുകളെ , മനസ്സിലെ പ്രണയത്തെ ഒരു ചിരിയിലൊതുക്കാന്‍ കഴിയുമെങ്കില്‍ ... ചിരി അക്ഷരമാണ് .





Friday, 13 May 2011

ഡോ:സിന്ധുജോയിക്ക് ഒരു തുറന്ന കത്ത്,


നേതാവേ,  
അവകാശപ്പെടാന്‍ ആവാത്തതും ,ഒരു നേട്ടവും എടുത്തു പറയാനാകാതെ സാങ്കേതികമായി തോറ്റ് പേരിനു മാത്രം ജയിച്ച യി ഡി എഫിലേക്ക് കൂറുമാറിയ നിങ്ങള്‍ക്ക് ഇത് ഒരു വലിയ വിജയമായിരിക്കാം.ഇത് ഞങ്ങള്‍ക്ക് ജയമാണ്. ജനങ്ങള്‍ എല്‍ ഡി എഫിനെ സ്വീകരിച്ചു എന്നതിന് ഏറ്റവും വലിയ തെളിവാണ് .   എല്‍ ഡി എഫിനെ തകര്‍ക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പാഴായി പോയെങ്കിലും ജയിച്ചു എന്ന് അഹങ്കരിക്കാന്‍ പോലും ആവാത്ത ഒരു വിജയം.ഇതിനെല്ലാം പുറമേ എനിക്ക് നിങ്ങളോട് കുറച്ച കാര്യങ്ങള്‍ പറയാനും ചോദിക്കാനും ഉണ്ട്. അച്ചായത്തി പ്രിത്വിരാജിന് തുറന്ന കത്ത് അയച്ചത് കണ്ടപ്പോഴാണ്‍ കാശ് ചിലവില്ലാതെ ഒരു തുറന്ന കത്ത് എന്ന ആശയം എന്റെ മനസ്സില്‍ കടന്നു വന്നത്.ഞാന്‍ കാര്യത്തിലൊട്ട് കടക്കട്ടെ. അടുപ്പില്‍ ചേരപായുന്നവനും മനസ്സില്‍ ആഗ്രഹം കാണും ചിക്കന്‍ ബിരിയാണി കഴിക്കണമെന്ന്.പക്ഷേ അതിനു വേണ്ടി ഹോട്ടലില്‍ എച്ചില്‍ പാത്രം കഴുകാന്‍ അവന്റെ വ്യക്തിത്വം അവനെ അനുവദിക്കാറില്ല.ക്ഷമിക്കണം " വ്യക്തിത്വം " എന്നാല്‍ എന്താണെന്ന് താങ്കള്‍ക്കറിയില്ലല്ലോ.മനുഷ്യന്റെ ഉള്ളില്‍ സ്വന്തമായി ആ മനുഷ്യന് ഒരു നിലപാട് അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും നല്ലതാണെന്നുള്ള തിരിച്ചറിവ് ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ആരെന്ന് സ്വയം മനസ്സില്‍ ഉറച്ച ബോധ്യം വേണം.താങ്കള്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയി പ്രസംഗിച്ചതൊക്കെ ഓര്‍മ്മകാണുമല്ലോ അല്ലേ?കൂറുമാറ്റം എന്നതിന് ഒരു പര്യായപദം ആയി മലയാളികള്‍ താങ്കളുടെ പേര് സ്വീകരിച്ചു കഴിഞ്ഞു.ഇനി ഈ പാലം പണിതതിന് ശേഷം കുരങ്ങന്റെ കയ്യില്‍ പൂമാലകിട്ടിയപോലെ മൈക്കിലൂടെ നിങ്ങള്‍ നടത്തിയ ചില തെരുവ് പ്രസംഗങ്ങളിലേക്ക്.ആദ്യം ജനങ്ങളുടെ ഇഷ്ട(ദുഷ്ട്)  താരത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ പ്രചരണം.കേരളത്തിലെ സ്ത്രീ സമൂഹം അന്നും ഇന്നും അറപ്പോടെയും വെറുപ്പോടെയും നോക്കികാണുന്ന കുഞ്ഞാലികുട്ടി സാഹിബിന് വേണ്ടി ഒരു യുഡീഫ് വനിതപോലും പ്രചരണത്തിനിറങ്ങാതിരുന്നപ്പോള്‍ വേങ്ങരയില്‍ പോയി ആ മഹാന്റെ കൊണവധികാരം കൊട്ടി ഘോഷിച്ച നിങ്ങള്‍ അപമാനിച്ചത്  കേരളത്തിലെ സ്ത്രീകളെയാണ്.നാണമില്ലേ എന്ന് ചോദിക്കാന്‍ തോന്നുന്നു.പക്ഷേ അതില്ല എന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ് ചോദിക്കാത്തത്.രണ്ട് പെണ്മക്കളുള്ള ഉമ്മച്ചന്‍ നിങ്ങളെ മകളായി സ്വീകരിച്ചു എന്ന് കണ്ണില്‍കുത്തി കരഞ്ഞുകൊണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി കാരണം പണ്ടൊരു എസ് എഫ് ഐ സമ്മേളനത്തില്‍ വടിയും കുത്തിപ്പിടിച്ച് വന്ന് നിങ്ങള്‍ പറഞ്ഞത് പിണറായി വിജയനേയും , ശ്രീമതി ടീച്ചറേയും രക്ഷിതാക്കളെ പോലെ കാണുന്നു ആപത്ത് സമയത്ത് സഹായിച്ചത് പാര്‍ട്ടിയും പാര്‍ട്ടിക്കാരും മാത്രമാണ് എന്നാണ് അതേ നിങ്ങള്‍ ഇന്ന് ഈ കഥ പൊറോട്ട കഥ പറഞ്ഞപ്പോള്‍ മലയാളത്തില്‍ ഒരു ചൊല്ലുണ്ട് "അപ്പാപ്പം കാണുന്നവനെ അപ്പാന്നു വിളിക്കുക' എന്ന് അതു പോലെയായി പോയി ഇതും.പിന്നെ നിങ്ങള്‍ എടുത്തെടുത്തു പറഞ്ഞ കുറച്ച് കാര്യങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍പോലും കളയാന്‍ തയ്യാറായ നിങ്ങളെ പാര്‍ട്ടി വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്നത്.അതില്‍ എനിക്ക് മനസ്സിലാവാത്തത് ഒരുകാര്യമാണ് പാര്‍ട്ടിക്ക് വേണ്ടി എന്തു കേമത്തരം ആണ് സിന്ധുജോയി എന്ന പഴയ സഖാവ് ചെയ്തത്.സമരം വിളിച്ചതോ? അതോ ജയില്‍ കിടന്നതോ? പോലീസുകാരുടെ അടികൊണ്ടതോ? അതോ ഒരു ഗ്രനൈഡ് പൊട്ടി പരിക്കേറ്റതോ? ഇതൊക്കെയാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ഒന്ന് മനസ്സിലാക്കുക എല്‍ ഡി എഫ് അനുഭാവിയായ ഒരു സാധരണ പ്രവര്‍ത്തകന്‍ നേരിടുന്ന സാധരണ പ്രശ്നങ്ങളാണ് പ്രവര്‍ത്തനങ്ങളാണ് ഇതൊക്കെ.അല്ലാതെ
രാജ്യം വെട്ടിപിടിച്ചിട്ടൊന്നും ഇല്ല ഇത്രയും നിന്ന് വീമ്പ് പറയാന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നിലനില്പ്പിന് ഒരു സംഘടനയുടെ സഹായം ആവശ്യമായിരുന്നു അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് പറഞ്ഞപോലെ അന്ന് പാര്‍ട്ടിയില്‍ സ്ത്രീ സാനിധ്യം കുറവായത് കൊണ്ട് പാര്‍ട്ടി നിങ്ങളെ വളര്‍ത്തി.അല്ലാതെ സിന്ധു ജോയ് സ്വന്തം കഴിവുകൊണ്ട് വളര്‍ന്നതോന്നും അല്ല.ഇനി അങ്ങനെ ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ ഒന്നു വെളിപ്പെടുത്തണം.പിന്നെ കഷ്ടകാലത്തിന് ഗ്രനൈഡ് പൊട്ടിയപ്പോള്‍ മാധ്യമങ്ങള്‍ നിങ്ങളെ ഫോക്കസ് ചെയ്തു അതിലൂടെ പരസ്യം ചെയ്തപ്പോള്‍ സിന്ധുജോയിലെ നാലാളറിഞ്ഞു.പിന്നെ താങ്കള്‍ പറഞ്ഞ കാര്യം പാര്‍ട്ടിക്കകത്ത് ഭിന്നത.സ്വാഭാവികമായും ഏത് സംഘടനയിലും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും കാണും.അത് സ്വന്തം കുടുംബത്തിലായാലും കാണും സഖാവേ ക്ഷമിക്കണം നേതാവേ.. ഇനി അങ്ങനെ സ്വന്തം വീട്ടുകാര്‍ പിഴയാണെന്ന് തോന്നിയാല്‍ അത് വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കണം.അല്ലതെ അയല്‍വക്കത്ത് പോയി പാടുകയല്ല വേണ്ടത്.പിന്നെ പാര്‍ട്ടിയുടെ നിലപാടുകളും സിന്താന്തങ്ങളും ഇന്നലത്തെ മഴയില്‍ മാനത്ത് നിന്ന് വന്നതൊന്നും അല്ല.ഒരു സുപ്രഭാതത്തില്‍ സൂര്യനുദിച്ചപ്പോള്‍ ദൈവവിളിയുണ്ടായതാണോ താങ്കള്‍ക്ക്? അതോ അകലെയിരുന്ന് താങ്കളുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഒരു വൈദ്യന്റെ വിദഗ്ദ ചികില്‍സയോ താങ്കളേ ഈ മാറ്റത്തിലേക്ക് നയിച്ചത് എന്നും എനിക്ക് സംശയം ഉണ്ട്.പിന്നെ സീറ്റ് മോഹം അല്ല താങ്കളുടെ ഈ ചേരിമാറ്റത്തിന്‍ കാരണം എന്ന് ആത്മാര്‍ത്ഥമായി പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക്.എസ് എഫ് ഐ യുടെ സംസ്ഥാന്‍ പദവില്‍ എത്തിയ താങ്കള്‍ക്ക് പാര്‍ട്ടി അതിനു ശേഷം സ്ഥാനമാനങ്ങള്‍ നല്‍കി പൂവിട്ട് പൂജിച്ചില്ല എന്ന് താങ്കള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞത് മറക്കണ്ട.അധികാരം ഒന്നുമില്ലാതെ ഈ കൊടിയും പിടിച്ച് നടന്നിട്ട് എന്ത് കാര്യം അല്ലേ? പിന്നെ മറുകണ്ടം ചാടുകതന്നെ. എന്നിട്ടൊരു വായാട്ടും നടത്തി പാര്‍ട്ടി എന്നെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ല.എന്തായാലും ഇനി ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടി വരില്ല കാരണം സ്ത്രീകളുടെ കഴിവിനെ ആത്മാര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരുപടി നേതാക്കള്‍ യു ഡി എഫില്‍ സ്വന്തമായുണ്ട്. അവരുടെ മനസ്സിലൊക്കെ ഇപ്പോ ലഡു പൊട്ടി എന്നാണ് കേള്‍ക്കുന്നത്.എന്തായാലും അവര് താങ്കളെ ഉപയോഗിക്കും എന്ന് താങ്കള്‍ക്ക് പ്രത്യാശിക്കാം.പിന്നെ എസ് എഫ് ഐയുടെ ദേശീയ നേത്രുത്വത്തിലേക്ക് താങ്കള്‍ എത്തിപ്പെട്ടു എങ്കില്‍ ഇതില്‍ കൂടുതല്‍ എന്താണ്‍ നിങ്ങള്‍ ആഗ്രഹിച്ചത്? " മുഖ്യമന്ത്രി കസേരയോ".അല്ല അറിയാനുള്ള ഒരു ആഗ്രഹം ഉണ്ട് അതുകൊണ്ടാണ്‍ ചോദിച്ചത്.പിന്നെ ചായ തരാന്‍ പോലും ശ്രീമതി ടീച്ചര്‍ തയ്യാറായില്ല എന്ന് കൊച്ചു കുട്ടികളെ പോലെ കരയാന്‍ നാണമില്ലേ നിങ്ങള്‍ക്ക്? എന്തായാലും പെട്ടത് പെട്ടു.ഇനി ആരോടും ഒന്നും മിണ്ടണ്ടാ.നാണക്കേടാ .കുറച്ച് കാലം ഇനി ഇങ്ങനെ വാലാട്ടി കുരച്ചു കൊണ്ട് നടന്നാല്‍ എന്നെങ്കിലും ഒരു കസേര തരാതിരിക്കില്ല.പിന്നെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സി പി ഐ എമിനേക്കാളും നല്ല പാര്‍ട്ടിയാണ്‍ കോണ്‍ഗ്രസ്സ്.കണ്ടില്ലേ റജീനയൊക്കെ നല്ല നിലയിലായി.സ്വന്തം കഴിവിലൊന്നും സിന്ധു നിങ്ങല്‍ ഒന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല.പിന്നെ പാടിയ കാര്യം.ഭക്തി ഗാനം പാടിയതല്ല.അത് പിന്നെ പറയാം.പാടി നടന്നില്ലേ പാര്‍ട്ടി വേദികളില്‍ അവഗണിച്ചു എന്ന്.എസ് എഫ് ഐയുടെ നേതാവായ നിങ്ങളെ എസ് എഫ് ഐയുടെ ഏത് വേദികളിലാണ്‍ അവഗണിച്ചത്? ഒന്നു വ്യക്തമാക്കിയാന്‍ നന്ന്. അല്ല്ലാതെ സി പി ഐ എമിന്റെ എല്ലാ വേദികളിലും സിന്ധുവിനൊരു കസേരയിട്ട് സ്വീകരിക്കണമെങ്കില്‍  അതിന്‍ തക്ക മഹിമയൊന്നും നിങ്ങള്‍ക്കില്ല.ഇനി പ്രവര്‍ത്തിക്കാനുള്ള അവസരം ആണ് നിങ്ങല്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന്‍ കാണാന്‍ മുന്നില്‍ പ്രേക്ഷകരോ ,പാടാന്‍ മൈക്കോ ഒന്നും വേണ്ട.സ്വന്തം വാര്‍ഡിലെ വീടുകളില്‍ കയറി ചെന്ന് പൊതുപ്രവര്‍ത്തനം നടത്താം. രക്ഷിതാക്കല്‍ ഇല്ലാത്ത നിങ്ങളെ പാര്‍ട്ടി സംരക്ഷിക്കും എന്ന് ബോധ്യമുള്ളത് കൊണ്ടാണ്‍ സി പി ഐ എം ഇല്‍ ചേര്‍ന്നത് എന്ന് നിങ്ങള്‍ എന്ന് വിളിച്ച് പറഞ്ഞു.അതില്‍ തന്നെ താങ്കളുടെ സ്വാര്‍ത്ഥത് വ്യക്തമല്ലേ?പിന്നീട് പാര്‍ട്ടി കൈയ്യൊഴിഞ്ഞു.ഇതായിരുന്നു കൂറുമാറ്റത്തിന്‍ നിങ്ങള്‍ ഒരു മാധ്യമത്തോട് പറഞ്ഞ ന്യായം. ഈ കക്ഷത്തില്‍ വച്ചത് പോവുകയും ചെയ്തു ഉത്തരത്തിലുള്ളത് കിട്ടുകയും ചെയ്തില്ല എന്നൊരു നാടന്‍ ചൊല്ല് ഇവിടെ നിങ്ങളിലൂടെ വീണ്ടും അന്വര്‍ത്ഥമായി.പിന്നെ ഇടയ്ക്ക് പലരും ചോദിച്ചു താങ്കള്‍ ഈ സ; വി എസിനെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനാ? അങ്ങേര് മാത്രമാണോ അവഗണിച്ചത്? ഒരു സംശയം മാത്രം.ഈ തിരഞ്ഞെടുപ്പില്‍ ഇനിയേതായാലും ഒന്നും ഇല്ല.തല്‍കാലം വല പള്ളികൂടത്തിലും പോയി ക്ലാസെടുത്ത് ജീവിക്കാന്‍ നോക്ക്. അടുത്ത ഒരു പത്ത് കൊല്ലത്തേക്ക് കസേരയൊന്നും പ്രതീക്ഷിക്കേണ്ട.ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിക്കേണ്ട എന്ത് വ്യക്തിത്വം ഉണ്ട് സിന്ധുജോയിക്ക്?വെറും മൂന്നുലുവ മെമ്പര്‍ഷിപ്പില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായി തരംതാഴ്ത്തപ്പെട്ട ഈ ദയനീയാവസ്ഥയില്‍ ലജ്ജതോന്നുന്നു.പണ്ട് നിങ്ങല്‍ക്ക് ജയ് വിളിച്ചതില്‍ ഞാന്‍ എനിക്ക് ഇന്ന് കുറ്റബോധം തോന്നുന്നു.പാവപ്പെട്ടവനെ ചതിക്കുന്ന പാര്‍ട്ടി എന്ന് വിളിച്ചു കൂവിയില്ലെ,എന്തുകൊണ്ട് കാസര്‍കോട്ടെ ആ പാവങ്ങളെ തിരിഞ്ഞുപോലും നോക്കാന്‍ നിങ്ങളോ,ഇന്നത്തെ വളര്‍ത്തച്ചനോ തയ്യാറായില്ല?അധികാര മോഹത്തിന്റെ ദിവാസ്വപ്നങ്ങളില്‍ വിറളി പിടിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സിലെങ്കിലും സിന്ധു നിങ്ങള്‍ അഹംങ്കരിച്ചോ നിങ്ങളോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകും എന്ന്?രക്തം കൊടുത്തും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ കേരളത്തിലെ സഖാക്കള്‍ക്ക് നട്ടെല്ലുള്ളെടുത്തോളം കാലം ചെങ്കൊടി പാറിപറക്കും.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കും.നമുക്ക് മുന്നേ നടന്നുപോയ രക്തസാക്ഷികളുടെ കാല്പ്പാടുകള്‍ ആണ് നമ്മുടെ മാര്‍ഗ്ഗം.
പുലരി തേടിയുള്ള ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാനായേക്കം,പക്ഷേ തോല്പ്പിക്കാനാകില്ല.

ലാല്‍ സലാം
എല്‍ ഡി എഫ് സിന്ദാബാദ്


Saturday, 7 May 2011

ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം

" അമ്മ " സ്നേഹത്തിന്റെ അവസാന വാക്ക്.പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നു ആ സ്നേഹത്തിന്റെ ബന്ധം.പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം.
സ്വന്തം മക്കളേ ജീവശ്വാസം പോലെ സ്നേഹിക്കുന്ന ആ മഹാ പുണ്യം."അമ്മ"
അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്നേഹവും
മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും
വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും
അതിലേറെ സംരക്ഷണവും നല്‍കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനൊരു താങ്ങായ്,തണലായി ആ അമ്മ എന്നും
വര്‍ത്തിക്കുന്നു.ഒന്നകലുമ്പോള്‍ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ് .അക്ഷരങ്ങലിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ എനിക്ക് കഴിയില്ല ആ അമ്മയെ. സ്വന്തം വിശപ്പിനേക്കാല്‍ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനേയാണ് , സ്വന്തം വേദനയേക്കാല്‍ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.സത്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും,പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട്  പ്രശംസിക്കണം.ആദരവും ,ബഹുമാനവും നല്‍കാന്‍ തയ്യാറാകാത്ത ഇന്നത്തെ തലമുറകള്‍ മറന്നുപോകുന്നത് ആ സ്നേഹം ആണ്.ആ സ്നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. അമ്മമാരേ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഒരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്.ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക ,സ്നേഹിക്കുക,അനുസരിക്കുക,ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്, എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്‍കാന്‍ കഴിയാത്ത് ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളില്‍ ഉണ്ടാവുന്നത് നന്ന്. ആ അമ്മയ്ക്ക് തങ്കമോം  , പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ ക്ഴിയുന്ന ഒരിത്തിരി സ്നേഹം അതു മാത്രം നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും ഒരിക്കല്‍കൂടി മക്കളെ സ്നേഹിക്കുന്ന മക്കള്‍ സ്നേഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും എന്റെ ഹ്രിദ്യമായ " മാതൃ ദിനാശംസകള്‍ ".

വിധി തളച്ചിട്ട യൗവനം


മരവിച്ചു മലര്‍ന്ന കാല്‍പാദത്തില്‍ നോക്കി അവന്‍ ആ വീല്‍ചെയറില്‍ തന്നെ ഇരുന്നു.മനസ്സിലെ വേദനകളെല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു അവന്‍.പഴയകൂട്ടുകാരെ കണ്ടപ്പോള്‍ അവന്
സ്വയം നിയന്ത്രിക്കാന്‍ പാറ്റാതെ ആയി.കണ്ണില്‍ നിന്നും കണ്ണുനീര്‍ അവന്റെ മടിയിലേക്ക് ഇറ്റുവീണു.
ഒരു പക്ഷേ ദൈവം നിര്‍ണയിച്ച വിധിയെ പോലും മനുഷ്യന്‍ ശപിച്ചു പോകും.അല്ലേ?നാട്ടില്‍ ഒരു വിശേഷം നടന്നാല്‍ ബാബു ഒരു നിത്യസാനിധ്യമായിരുന്നു.ആര്‍ക്കും പരാതിയില്ലാതെ,ആരോടും പരിഭവമില്ലാതെ
എല്ലാരേയും സ്നേഹിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.കല്ല്യണം,പാലുകാച്ചല്‍,ഉത്സവം,രാഷ്ട്രീയം, ഇനിയൊപ്പോള്‍ ഒരു മരണം നടന്നാല്‍ പോലും ബാബു അങ്ങനെ ഓടി നടക്കും.ഉള്ളിലെ യൗവനത്തിന്റെ പ്രസരിപ്പോടെ.അതു തന്നെയാണ് അവനെ എല്ലാരും സ്നേഹിക്കാന്‍ മുഖ്യകാരണവും.കൂട്ടത്തില്‍ മനസ്സില്‍ അവനെന്നോ ആഗ്രഹിച്ച ഒരു പ്രണയവും.പഠിക്കാന്‍ ആളല്പം പിന്നോട്ടായിരുന്നെങ്കിലും അതൊന്നും ബാബുവിനൊരു മാനദണ്ഡമല്ലായിരുന്നു.തന്റെ മെയ്യില്‍ ഒതുങ്ങുന്ന എന്തു ജോലിയും അവന്‍ ഏറ്റെടുക്കും.അതിപ്പോ കണ്ടത്തില്‍ ടില്ലറടിക്കുന്നത് മുതല്‍ തേങ്ങ ഇടാന്‍ പോലും മൂപ്പരു ഒരുക്കമാണ്.പഴയകൂട്ടുകാരെല്ലാം ജോലി തേടി ഗള്‍ഫിലും ,മറ്റും പോയപ്പോഴും അന്നാട്ടുകാര്‍ക്ക് കൂട്ടായ് 
ബാബു എന്നും അവിടെ ഉണ്ടായിരുന്നു.ഗള്‍ഫില്‍ നിന്നും കൂട്ടുകാരാരെങ്കിലും വിളിച്ചു പറയും, ബാബു വീട്ടില്‍ എന്തോ ഒരു ആവശ്യം ഉണ്ട് ഒന്ന് അങ്ങോട്ട് ചെല്ലണേടാ..കേള്‍ക്കണ്ട താമസം അത് കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി കാര്യം.കൂട്ടുകാരെ ജീവനായിരുന്നു അവന്‍.കൂട്ടുകാര്‍ക്കവനേയും.ആ പ്രസരിപ്പും,ഉശിരും കണ്ടിട്ടാവണം വിധി ഒരല്പം ക്രൂരമായി അവനിലേക്കെത്തി.ഒരു കല്ല്യാണ വീടിന്റെ ഒരുക്കത്തിനിടയില്‍ വെട്ടി വച്ച മരം വണ്ടിയില്‍ കയറ്റുന്നതിനിടേ ഭാരമുള്ള തടി കാലിലേക്ക് ഉരുണ്ട് വീണ്‍ കാല്‍പാദം ചലനശേഷി ഇല്ലാതായി.പിന്നീടുള്ള ചികിത്സകള്‍ക്കൊന്നും അതിന് പ്രതിവിധികാണാന്‍ കഴിഞ്ഞില്ല.പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാതായി.വീല്‍ചെയറ് കയ്യ് കൊണ്ട് തള്ളില്‍ ആ വീട്ടില്‍ മാത്രം അവന്റെ ജീവിതം ഒതുങ്ങി.പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ അവന്റെ ഉത്സാഹം വീണ്ടും ആ കണ്ണുകളില്‍ പ്രകടമായിരുന്നു.ഒരുപാട് ഓടി നടന്നത് കൊണ്ടായിരിക്കും ഇനി കുറച്ച് വിശ്രമിക്കാന്‍ ദൈവം ഇങ്ങനെ ഒന്ന് തന്നതല്ലേടാ ? എന്ന് കൂട്ടുകാരുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് പറയുമ്പോഴും അവന്റെ കണ്ണില്‍ കണ്ണുനീര്‍ തടം കെട്ടിയിരുന്നു.ആ വാക്കുകളില്‍ കൂടെയിരുന്ന കൂട്ടുകാരും അറിയാതെ വിതുംബിപോയി.അവന്റെ സ്വതന്ത്രമായ ലോകം ഒരു വീല്‍ചെയറില്‍ മാത്രം തളയ്ക്കപ്പെട്ടത് ക്രൂരമായ വിധിയുടെ വിളയാട്ടമായിരുന്നു.യാത്ര പറഞ്ഞ് കൂട്ടുകാര്‍ നടന്നകലുമ്പോഴും,ചിരിച്ചുകൊണ്ട് (ഉള്ളില്‍ കരഞ്ഞുകൊണ്ട്) അവന്‍ അവരെ യാത്രയാക്കി.

വനവാസം


ഇതൊരു വനവാസമാണ്.കൂടും,കുടുംബവും,നാടും,നാട്ടുകാരും,കൂട്ടും ,കൂട്ടുകാരും വിട്ട് ഒറ്റപ്പെട്ട വനവാസം.ജീവിതത്തിന്റെ നല്ല കാലങ്ങളെ സ്വയം എരിഞ്ഞു തീര്‍ക്കാന്‍ ഈ മരുഭൂമിയിലേ
ചൂടിലേക്ക്,മനസ്സും ശരീരവും ഒരുപോലെ തളരുന്ന ഒരു ഒരു കൊടുംകാട്ടിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.ചുറ്റിലും കാണുന്നവരില്‍ പലരും എന്റെ സമാന ചിന്താഗതിക്കാരാവും.
കണക്കു പുസ്തകത്തില്‍ എഴുതിയത്,കൂട്ടിയും കുറച്ചും നോക്കിയിട്ട് നഷ്ടപ്പെട്ടതിനൊന്നും പകരമാവുന്നില്ല.
അതൊന്നും ഒരിക്കലും തിരിച്ചു കിട്ടാനും പോകുന്നില്ല.ആരേയും പഴിച്ചിട്ട് കാര്യമില്ല.ഞാന്‍ തന്നെ
ഒരു കാരണമാണ് ഈ വനവാസത്തിന്.ദിനരാത്രങ്ങള്‍ ഒന്നിനെയും കാത്തുനില്‍കാതെ ഓടിമറയുമ്പോള്‍
കാവും,ഉത്സവവും,ഓണവും വിഷുവും,മഴയും ,മഴക്കാലവും എല്ലാം മനസ്സില്‍ എന്നും ഓര്‍മ്മകളിലൂടെ
നൊമ്പരം മാത്രം സമ്മാനിക്കുന്നു.എന്നും ഒരേ ജീവിതചര്യകള്‍,കണ്ടുമടുക്കുന്ന മുഖങ്ങള്‍,പറഞ്ഞു പഴകിയ വാക്കുകള്‍.ഇവിടെ ഇങ്ങനെ ജീവിച്ചു തീരുന്നു.മെഴുകുതിരി ഒലിച്ചിറങ്ങുന്നതു പോലെ നല്ലൊരു യൗവനം
ആര്‍ക്കും ഇല്ലാതെ ജീവിച്ചു തീര്‍ക്കുന്നു.എന്റെ നഷ്ടങ്ങളില്‍ എഴുതിചേര്‍ക്കാന്‍ ഒരു ദിവസം കൂടി കടന്നുപോകുന്നു.എന്നിലെ സ്വകാര്യത പോലും നഷ്ട്പ്പെടുന്നു.എനിക്ക് എന്നെ നഷ്ട്പ്പെടുകയാണ്,എന്നിലെ നല്ലൊരു യൗവനവും.

Thursday, 5 May 2011

ചീട്ടുകളി /ചായ /ബണ്‍ / പിന്നെ ഞങ്ങളും.

ഇതും എന്റെ ഒരു ബാല്യകാല സ്മരണയാണ് .എന്റെ വീടിനടുത്താണ് എന്റെ അമ്മയുടെ അമ്മാവന്‍ (ബാലന്‍ ) താമസിച്ചിരുന്നത്.വീടിനടുത്തായി തന്നെ അമ്മാവന്‍ ഒരു ചെറിയ പലചരക്കു കടയും, അതിനോടൊപ്പം ചായയും ചെറു പലഹാരങ്ങളും വിറ്റിരുന്നു.പക്ഷേ ഇതിനൊക്കെ പുറമേ മാമനും കൂടി ഹരം പിടിച്ച കാര്യമായിരുന്നു അവിടെ നടന്നിരുന്ന ചീട്ടുകളി.കാശ് വെച്ചായിരുന്നു കളി. കളി നടന്നിരുന്നത് മാമന്റെ കടയില്‍ ആയതിനാല്‍ കാശിനു പുറമേ ചായയും,ബണ്‍ ,അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങളും നിര്‍ബന്ധമായിരുന്നു.കളിക്കാനുള്ള സൗകര്യം കൊടുക്കുന്നതിന്‍ ബാലന്‍ മാമനുള്ള ഓഫര്‍ ആയിരുന്നു ഇത്. മിക്കവാറും ദിവസങ്ങളില്‍ ഒന്നും അറിയില്ലെങ്കില്‍ കൂടി ഞാനും എന്റെ കൂട്ടുകാരും അവിടെ കാഴ്ചക്കരായിരുന്നു.ഒരോ കളിക്കാരേയും ചുറ്റിപറ്റി അവരുടെ ചീട്ടുകള്‍ പെറുക്കിവെക്കലായിരുന്നു ജോലി. ആരുടെ കൂറ്റെ ആണോ നില്‍ക്കുന്നത് അയാള്‍ ജയിച്ചാല്‍ ആ ചായയും പലഹാരവും അവരുറ്റെ കൂടെയിരിക്കുന്ന കുട്ടികള്‍ക്ക് നല്‍കും.അങ്ങനെ ഞാന്‍ മിക്കവാരും ലോട്ടറിക്കാരന്‍ ഔക്കര്‍ക്കയുടെ പക്ഷം പിടിച്ചിരുന്നു.ചീട്ടുകളിയിലെ കേമനായിരുന്നു ഔക്കര്‍ക്ക എന്ന ലോട്ടറിക്കാരന്‍.മിക്കവാറും പുള്ളി തന്നെ ജയിക്കുമെന്നതിനാല്‍ ആ വകയില്‍ കുറേ ചായയും പലഹാരവും തിന്ന് വയറ് നിറയ്ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിരുന്നു.പോയകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ പീടികയും ചീട്ടുകളിയുമൊക്കെ മനസ്സില്‍ രസമുള്ള ഓര്‍മ്മകള്‍ ആണ്.

Tuesday, 3 May 2011

സന്തോഷ് പണ്ഡിത്തിനൊപ്പം എന്റെ ചില ഓര്‍മ്മകളും

കാര്യം എന്തൊക്കെയായാലും നമ്മുടെ സന്തോഷ് പണ്ഡിത്തിന്റെ അംഗനവാടി ടീച്ചറേ എന്ന പാട്ടും അതിലെ ദ്രിശ്യങ്ങളും കണ്ടപ്പോള്‍ മനസ്സ് അറിയാതെ ഓടിയത് വര്‍ഷങ്ങള്‍ പിന്നോട്ടാണ്.ഞാന്‍ നടന്നു തുടങ്ങിയ കാലത്തിലേക്ക്. കണ്ണൂര്‍ ജില്ലയിലെ ഒരു തനി നാട്ടിന്‍പുറത്തേക്ക് . കുറ്റിക്കോലിനടുത്ത് ഉടുപ്പ എന്ന് പേരായ ശാന്ത സുന്ദരമായ ഒരു ഗ്രാമം.വ്യക്തി വിരോധങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമയോടെ കഴിയുന്നു അവിടെ.എന്റെ കുട്ടിക്കാലം അവിടെയായിരുന്നു. ഞാന്‍ പറയാന്‍ പോയത് അതൊന്നും അല്ല. അന്ന് ഞാനും എന്റെ പെങ്ങളും (അഛ്ന്റെ ജേഷ്ട്യ്ന്റെ മകള്‍ ) പിന്നെ ഞങ്ങളുടെ അടുത്തുള്ള രണ്ട് സമപ്രായക്കരായ കുട്ടികളും ആണ് പോയിക്കൊണ്ടിരുന്നത്. ശ്യാമള ടീച്ചര്‍ ആയിരുന്നു ഞങ്ങളുടെ അംഗനവാടി ടീച്ചര്‍,സ്നേഹസമ്പന്നയായ ഒരു അമ്മതന്നെ ആയിരുന്നു ടീച്ചര്‍ . അത്യാവശ്യം വലിയൊരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ മിക്കാവാറും ബന്ധുക്കള്‍ പലരും വരുമായിരുന്നു. പലപ്പോഴും ടീച്ചര്‍ ബോര്‍ഡിലേക്കോ മറ്റെന്തെങ്കിലും ചെയ്തു വരുമ്പോഴേക്കും എന്നെയും പെങ്ങളേയും കാണാറില്ല.കാരണം അംഗനവാടിയില്‍ ഇരുന്നാല്‍ കാണാം വീട്ടിലേക്ക് പോകുന്നവരെ.കണ്ടാല്‍ പിന്നെ ഒന്നും നോക്കാനില്ലെ ഒരൊറ്റ ഓട്ടം തന്നെ.ഈ ഒളിച്ചോട്ടം സ്ഥിരം ആയപ്പോള്‍ പിന്നെ ടീച്ചര്‍ക്കും അതു ശീലമായി,കണ്ടില്ലെങ്കിലും പരിഭ്രാന്തിയൊന്നും ഇല്ല.വീട്ടിലെത്തിക്കാണും എന്ന് തീര്‍ച്ച.എന്തായാലും വൈകുന്നേരം ആകുമ്പോള്‍ ഉപ്പുമാവ് വീട്ടിലെത്തിയിരിക്കും.കാരണം അവിടെ ഉപ്പുമാവ് വെച്ചിരുന്നത് എന്റെ അയല്‍വാസിയായ ഒരു ചേച്ചിയാണ്. ഇന്നും ഞാന്‍ നാട്ടിലെത്തിയാല്‍ ആ അംഗനാവാടിയില്‍ പോകാറുണ്ട്.ഉപ്പുമാവും കഴിക്കാറുണ്ട് .എന്തായാലും ഒരിക്കല്‍ കൂടി സന്തോഷ് പണ്ഡിത്തിന് നന്ദി.
"പറ്റില്ല പറ്റില്ല തീരേ പറ്റില്ല"

Monday, 2 May 2011

ഇനി ഞാന്‍ നടക്കട്ടേ

നടക്കട്ടെ ഞാന്‍ ഇനിയുമൊരല്പ ദൂരം
കുളിരേകുന്നൊരു തണല്‍ മരം തേടി
എന്നെ കല്ലെറിയാത്തൊരു മനുഷ്യരെ തേടി
വിഷമില്ലാത്തൊരു ഭക്ഷണം തേടി
നീതി നിഷേധിക്കാത്തൊരു കോടതി തേടി
നന്മവറ്റാത്തൊരു സൗഹ്രിദം തേടി...

Wednesday, 27 April 2011

ദൈവത്തിനും തെറ്റുപറ്റി തുടങ്ങിയിരിക്കുന്നു

ലോകമെങ്ങും ഒരുകൂട്ടം ഭക്തന്മാരുള്ള സത്യസായി ബാബ എന്ന ദൈവം തന്റെ മരണം പ്രവചിച്ചിരുന്നത് 96 വയസ്സില്‍, പക്ഷേ ആ കണക്കും എവിടെയോ പിഴച്ചുപോയി. അഗ്നിയില്‍ ഇല്ലാതാകും എന്ന് പ്രവചിച്ച ബാബ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 86 വയസ്സില്‍ മരണപ്പെട്ടു അല്ല സമാധിയായി. ഞാന്‍ ഈ വിമര്‍ശിച്ചത് ഒരുകൂട്ടം ജനങ്ങളുടെ ദൈവത്തേയാണ്.അതോടൊപ്പം ഞാന്‍ ബഹുമാനിക്കുന്നു സമൂഹത്തിന് വേണ്ടി ,പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആ നല്ല മനുഷ്യനേ ,ആത്മാവിന് നിത്യശാന്തി നേരുന്നു.

എന്‍ഡോസള്‍ഫാന്‍

ഇനിയൊരിക്കലും ഉണ്ടാവരുത് ഇതുപോലൊരു വിധി . കഴിക്കാന്‍ ഒരുപിടി ചോറെങ്കിലും അതിന്റെ രുചി അമ്രുതല്ലേലും ഉണ്ടാവരുത് അതില്‍ ഒരു നുള്ള് വിഷം പോലും.നൊന്തുപ്രസവിച്ചൊരമ്മമാര്‍ക്ക്
ഒരു തണലായ്,താങ്ങായ് ജീവിക്കാന്‍ ഇനി ജനിക്കാനിരിക്കുന്ന ഒരോ കുഞ്ഞിനും കഴിയണം . വേണ്ടാ നമുക്കീ മാരക വിഷം.

സത്യ സായി ബാബ

ഇനിയുള്ള കാലം ഈ ഭക്തര്‍ക്ക് ദര്‍ശനം നല്‍കാത്തിടത്തോളം കാലം നിങ്ങള്‍ മനസ്സിലാക്കുക,നിങ്ങളുടെ ബാബ ഒരു ദൈവമല്ല എന്ന സത്യം.പറഞ്ഞുകേട്ട അറിവു വച്ച് മരിച്ചവരെ പുനര്‍ജീവിപ്പിച്ച ,മാറാ രോഗങ്ങള്‍ ഒരു നുള്ള് ഭസ്മം കൊണ്ട് മാറ്റിയ ബാബയ്ക്കെന്തേ സ്വന്തം രോഗം ചികിത്സിക്കാന്‍ ആശുപത്രികിടക്കിയില്‍ കിടക്കേണ്ടിവന്നു ? അന്ധവിശ്വ്വാസത്തിനടിമപ്പെട്ട് കയ്യും കണക്കുമില്ലാതെ കോടികള്‍ ബാബയുടെ ട്രസ്റ്റിന്റെ പേരിലേക്ക് ഒഴുകിയപ്പോള്‍ അത് എടുത്ത് പാവങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയ സത്യസന്ധനായ വെറും ഒരു കണക്കപ്പിള്ള മാത്രമായിരുന്നു ബാബ.അല്ലെങ്കില്‍ മജീഷ്യന്‍ മുതുകാടിനേ പോലെ ഒരു നല്ല മാന്ത്രികന്‍ . സ്വന്തം അധ്വാനം ,ജീവിതം ഇവയെല്ലാം ദാനം കൊടുത്ത് പാവങ്ങളുടെ കൂടെ ജീവിച്ച മദര്‍തേരേസയും, ബബാ ആമ്മ്ത്തേയും ഒന്നും പറഞ്ഞിട്ടില്ല ദൈവമാണെന്ന്. ദൈവം മരിക്കുമെങ്ക്ലില്‍ മനുഷ്യനും ദൈവവും തമ്മിലെന്താണ് വ്യത്യാസം ? ഈ പറയുന്ന നാലായിരം കോടി ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടേയും പട്ടിണി മാറ്റാന്‍ സാധിക്കില്ലേ ? ഭിക്ഷക്കരുടെയും ,വിശക്കുന്നവന്റെ മുന്നില്‍ മൈതാന പ്രസംഗം നടത്താതേ അവനൊരുനേരം കഴിക്കാന്‍ ആഹാരം കൊടുക്കൂ. വല്ലവനും വല്ല വിധേനയും കൊടുത്തകാശ് പാവങ്ങള്‍ക്ക് കൊടുത്തു എങ്കില്‍ (സ്വന്തം അധ്വാനം അല്ലെങ്കില്‍ പോലും ) ആ ചെയ്തത് മഹത്തായ ഒരു പുണ്യമായി കാണാം. അല്ലാതെ വിഭൂതികളിലൂടെ വിഡിത്തരങ്ങളിലൂടെ അതിന്റെ പേരില്‍ ദൈവം എന്ന് വിളിക്കാതിരികൂ ഇനിയെങ്കിലും.ഇപ്പോഴും കാത്തിരിക്കുന്നുണ്ട് പലരും മൈസൂരില്‍ പുനവതരിക്കാന്‍ പോകുന്ന ബാബയെയും കാത്ത്.സ്നേഹിക്കാം ആരാധിക്കാം, വിശ്വസിക്കാം പക്ഷേ ഇതൊന്നും അന്ധവിശ്വാസമാകരുത്.

Saturday, 23 April 2011

മലയാളിപ്പെണ്ണ്

മനസ്സ് അല്പം നാടനായതു കൊണ്ടായിരിക്കാം,പലപ്പോഴും അങ്ങനെ ചിന്തിക്കാറുണ്ട്,കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.നെറ്റിയില്‍ ചന്ദനക്കുറിയും,മുട്ടോളം മുടിയും, ആ കരിമുടിയില്‍ തുളസികതിരും,കാലില്‍ കിലുങ്ങുന്ന പാദസ്വരവും,മിഴികളില്‍ കണ്മഷിയും, കയ്യില്‍ കുപ്പിവളകളും,കസവിന്റെ പട്ടുപാവാടയും ഉടുത്ത ഒരു തനിമലയാളി പെണ്ണിനെ ഈ ജീവിതത്തില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് . അങ്ങനെ ആഗ്രഹിക്കാനല്ലേ നിവര്‍ത്തിയുള്ളൂ. കണികാണാന്‍ പോലും കിട്ടില്ല അങ്ങനെ ഒരു പെണ്‍കൊടിയെ.ഇനി അഥവാ കെട്ടിചമച്ച് നിര്‍ത്തിയാലും കാണില്ലേ, എന്തെങ്കിലും ഒരു ക്രിത്രിമത്വം.കാണും !!! പെണ്ണിന് യഥാര്‍ത്ഥ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു,സൗന്ദര്യബോധത്തിന്റെ അവതാളം അവളുടെ മനസ്സില്‍ ഉഞ്ഞാലാടാന്‍ തുടങ്ങിയിരിക്കുന്നു.

Friday, 22 April 2011

മൗനം

ഞാന്‍ കാണുമ്പോഴൊക്കെ അവള്‍ അങ്ങനെ ആയിരുന്നു.ആരോടും ഒന്നും മിണ്ടാതെ സ്കൂള്‍ വരാന്തകളുടെ ഒരു മൂലയില്‍ ഒറ്റപ്പെട്ട ഒരു കിളിയെ പോലെ ആരോടും മിണ്ടാതെ..പേരിനുപോലും അവളൊന്ന് ചിരിച്ചു കണ്ടിട്ടില്ല. കണ്ണുകളില്‍ എപ്പോഴുംതങ്ങി നില്‍ക്കുന്ന കണ്ണുനീര്‍.അത് അടര്‍ന്ന് വീഴാതിരിക്കാന്‍ അവളും നന്നേ പാടുപെട്ടിരുന്നു.ആരും അവളുടെ ഏകാന്തതയെ ശല്ല്യം ചെയ്യാന്‍ പോയില്ല.ഒരു ഉച്ചനേരത്ത് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.പലതും ചോദിച്ചു മറുപടിയായി ഒന്നും തന്നെ എനിക്ക് കിട്ടിയില്ല.ഒടുവില്‍ ഒരല്പം ദേഷ്വത്തോടെ ഞാന്‍ പറഞ്ഞു" നീ എന്ത പൊട്ടത്തിയാണോ,ഒന്നും സംസാരിക്കാതിരിക്കാന്‍ , ഈ പൊട്ടത്തിക്കാരാണ് ഇവിടെ അഡ്മിഷന്‍ കൊടുത്തേ".അതുകേട്ട ഉടന്‍ അവളുടെ ചുണ്ടില്‍ ആദ്യമായി ഒരു നേര്‍ത്ത പുഞ്ചിരിയെങ്കിലും ഞാന്‍ കണ്ടു.പൊടുന്നനേ അത് കാര്‍മേഘം കൊണ്ട് മൂടി അവളിലെ കണ്ണുനീര്‍ മഴപെയ്യിച്ചു.അവള്‍ ക്ലാസിലേക്ക് ഓടി. ഈ പെണ്ണിനിതെന്താ വട്ടാണോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.പിറ്റേന്ന് രാവിലെ ഞാന്‍ അവളെ കണ്ടു.ഇതുവരെ സമ്മാനിക്കാത്ത ഒരു സൗഹ്രിദത്തിന്റെ മന്ദഹാസം എനിക്ക് തന്ന് അവള്‍ നടന്നുപോയി.പക്ഷേ ആ ചിരിയിലും ആരും കാണതെ പോകുന്ന ഒരു വേദനയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.വീണ്ടും ഞാന്‍ അവളുടെ ഏകാന്തതയെ അലോസരപ്പെടുത്തി.സംസാരിച്ചു തുടങ്ങി.ഒടുവില്‍ ആരോടെങ്കിലും മനസ്സ് തുറക്കാന്‍ കാത്തിരുന്ന പോലെ അവളെന്നോട് എല്ലാം പറഞ്ഞു.സ്വപ്നങ്ങളെല്ലാം നഷ്ട്മാക്കിയ അവളുടെ തലവിധിയെ സ്വയം പഴിച്ചുകൊണ്ട്.ഒരു പക്ഷേ ദൈവത്തിനേ പോലും ശപിച്ചുകൊണ്ട്.രണ്ടാമത്തെ വയസ്സില്‍ അമ്മ മരിച്ചു.ചെറിയൊരു നെഞ്ചുവേദനയായിരുന്നു.പെട്ടെന്നാണ് അത് കൂടിയതും മരണത്തിലേക്ക് അവര്‍ യാത്രയായതും.പിന്നെ അച്ഛനും ഒരു ജേഷ്ടനും.മദ്യപാനം ഒരു തൊഴിലാക്കി മാറ്റിയ അച്ചന്‍.തന്റെ അനുജത്തിയുടെ ഭാവിമാത്രം സ്വപ്നം കണ്ട ആ ജേഷ്ടന്‍ എട്ടാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി നാടന്‍ പണിക്ക് പോയിത്തുടങ്ങി.ഇതിനിടയില്‍ അച്ചന്‍ വേറെ കല്ല്യാണം കഴിച്ച് പോയി.എങ്കിലും എന്നും അവളുടെ സ്വപ്നങള്‍ക്ക് താങ്ങായി ആ ഏട്ടനുണ്ടായിരുന്നു.അവന്റെയും ആഗ്രഹം അത്രമാത്രമായിരുന്നു.അച്ചനുണ്ടാക്കിയ കടബാധ്യതകള്‍ തീര്‍ത്ത് അനിയത്തിയെ ഒരു നല്ല ചെറുക്കന്റെ കയ്യില്‍ അന്തസ്സായി ഏല്പ്പിക്കുക.കാലം പിന്നിലേക്ക് മറഞ്ഞുകൊണ്ടിരുന്നു.ജീവിതം തരക്കേടില്ലാതെ നീങ്ങികൊണ്ടിരുന്നു.പത്താം ക്ലാസില്‍ നല്ല മാര്‍ക്കോടെ പാസ്സായി അവള്‍ .അവളുടെയും ഏട്ടന്റെയും സ്വപ്നങ്ങളിലേക്ക് ഇനി വര്‍ഷങ്ങളുടെ ദൂരം മാത്രം.അങ്ങനെ അവള്‍ പതിനൊന്നാം തരത്തിലേക്ക് അഡ്മിഷന്‍ വാങ്ങി.സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.ഒരു ഉച്ചയുറക്കത്തില്‍ നിന്നും അവളെഴുന്നേറ്റത് അവളുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്ന ഒരു വാര്‍ത്തകേട്ടാണ്.ഏട്ടന്‍ കിണറു പണിക്കിടയില്‍ വീണ് അരയ്ക്ക് താഴെ തളര്‍ന്നു പോയിരിക്കുന്നു.ആ പാവം ഏട്ടന്റെയും ,അനിയത്തിയുടെയും
കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് ഇരുട്ടു വീണു തുടങ്ങി.ജീവിതത്തിലെ സ്വപ്നങ്ങളെല്ലാം അസ്തമിക്കുന്നു.
പേരിനുമാത്രമുള്ള ബന്ധുക്കള്‍ എത്രകണ്ട് തണലാകും.ഇതെല്ലാം പറഞ്ഞ് തീരുംവരെ മാത്രമേ അവളുടെ കണ്ണീരിനു തടയിടാന്‍ അവള്‍ക്ക് കഴിഞ്ഞുള്ളൂ.കേട്ടു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണും നിറഞ്ഞിരുന്നു.അന്നത്തെ രാത്രിയില്‍ മനസ്സില്‍ മുഴുവന്‍ അവളുടെ വേദനകളായിരുന്നു,നിസ്സഹായമായ ഒരു പെണ്‍കുട്ടിയുടെ മൗനമായിരുന്നു..അവളുടെ മനസ്സിനും കാണില്ലേ സ്വപ്നങ്ങളും ,പ്രണയവും എല്ലാം..

Tuesday, 19 April 2011

സില്‍ സിലാ ഹേ സില്‍ സിലാ

കയ്യില്‍ അല്പം റിയാലുണ്ടായിരുന്നെങ്കില്‍ ഞാനും പിടിച്ചേനേ ഒരു മലയാള ആല്‍ബം.കലയെ കൊല്ലാനാണോ മലയാളികളില്‍ ചിലര്‍ തുനിഞ്ഞിറങിയിരിക്കുന്നത്? സ്ക്രോളു ചെയ്യുന്ന ടൈറ്റിലുകള്‍ എല്ലാം ഒരേ പേരില്‍ അവസാനിക്കുന്നു.കാരണം എന്താ? ആല്‍ബത്തിന്റെ എല്ലാം ഒരു മനുഷ്യന്‍ തന്നെ പാട്ട് എഴുതുന്നത് മുതല്‍ നിര്‍മ്മാണം,സംവിധാനം വരെ ഒരു മഹാന്‍ ആയിരിക്കും. എന്താണിവരുടെ ഉദ്ദേശം എന്ന് എനിക്കൊരു പിടിയും ഇല്ല!!! സമൂഹത്തില്‍ പേരെടുക്കുക എന്നതാണോ? അല്ലെങ്കില്‍ കലയോടുള്ള അടങ്ങാത്ത അഭിനിവേശമോ?അതോ പെണ്ണിനോടുള്ള അടങ്ങാത്ത ആക്രാന്തമോ? കാര്യം പറയുമ്പോള്‍ പറയും മീന്‍ വില്‍ക്കാന്‍ പോകുന്നവന്‍ വരെ അഭിനയിക്കുന്നു എന്ന്, അതിലെന്തെങ്കിലും തെറ്റുണ്ടോ? ഇല്ല അതിലൊരു തെറ്റും പറയാനകില്ല.കാരണം ഇന്ത്യ കണ്ട മികച്ച നടന്മാരില്‍ ഒരാളായ രജനീകാന്ത് വെറും ഒരു ബസ് കണ്ടക്ടറായിരുന്നു.പക്ഷേ കലയെന്താണെന്നും അഭിനയം എന്താണെന്നും മനസ്സില്‍ ഉത്തമ ബോധ്യമുള്ളവരായിരുന്നു അങ്ങനെ പ്രശക്തിയുടെ കൊടുമുടിയില്‍ എത്തിയവര്‍.പക്ഷേ ഇന്നു മലയാളത്തില്‍ കാണുന്ന തോന്ന്യാസങ്ങളൊക്കെ എങ്ങനെ സഹിക്കും നമ്മള്‍ മലയാളികള്‍ . ഗള്‍ഫില്‍ പൊരിവെയിലത്തും,മരവിച്ച തണുപ്പിലും കഷ്ടപ്പെട്ട് പണിയെടുത്ത് നാട്ടിലെത്തുന്ന പല പ്രവാസികളും ആദ്യം ചെയ്യുന്നത് ആല്‍ബം പിടിക്കാനിറങ്ങുകയാണ് .ആ കാശു കൊണ്ട് കുറച്ച് പാവങ്ങള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അതിന്റെ പുണ്യമെങ്കിലും കിട്ടും നിങ്ങള്‍ക്ക്.


ഞാന്‍ ഇതൊന്നും വെറുതെ പറഞ്ഞതല്ല കേട്ടോ .നിങ്ങള്‍ ഇതെല്ലാം ഒന്ന് കണ്ടു നോക്കൂ
സില്‍ സിലാ ഹേ 
ക്രിഷ്ണനും രാധയും 

Sunday, 17 April 2011

സ്വപ്നം

ഞാന്‍ സഞ്ചരിച്ച കാറിന്റെ ഒരുവശത്ത് അവള്‍ ഉറങുകയായിരുന്നു.അവള്‍ ആ ഉറക്കത്തില്‍ നിന്നും ഉണരുമ്പോഴേക്കും നമ്മള്‍ ഊട്ടി എന്ന പറുദീസയില്‍ എത്തിയിരുന്നു.ഒരു മുറിയെടുത്ത് കുളിച്ച് ക്ഷീണം മാറ്റി നമ്മള്‍ ആദ്യ ദിവസത്തെ ഹണിമൂണ്‍ യാത്ര ആരംഭിച്ചു.എന്റെ വിരല്‍തുമ്പില്‍ പിടിച്ച് ആ തണുപ്പില്‍ ഞാനും അവളും ഇണക്കുരുവികളെ പോലെ അവളുടെ ഷാളില്‍ പുതച്ച് നടക്കുകയായിരുന്നു.ഒടുവില്‍ അന്നത്തെ കറക്കം കഴിഞ്ഞ് നമ്മള്‍ തിരിച്ച് ഹോട്ടല്‍ മുറിയില്‍ എത്തി. ഉറക്കം ഞെട്ടി കണ്ണുതിരുമ്മി നോക്കിയപ്പോള്‍ അവളെ കണ്ടില്ല.ഒടുവിലാണ് എനിക്ക് ആ സത്യം മനസ്സിലായത് .അതെ ഞാന്‍ സ്വപ്നം കാണുകയായിരുന്നു.

സ്വപ്നം!!ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവരായി ആരും തന്നെയുണ്ടാവില്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ഒഴുകി നടക്കുന്നെ മനോരാജ്യം. മനസ്സിന്റെ ആഗ്രഹങനെ വ്യാഖ്യാനിക്കുന്ന ഒരു മാന്ത്രികത..

മനസ്സില്‍ ഒരിക്കലെങ്കിലും നെയ്തുകൂട്ടിയ ആശകളായിരിക്കാം പലപ്പോഴും നമ്മള്‍ സ്വപ്നം കാണുന്നത്.ആകാശത്ത് പത്ത് നക്ഷത്രങളെ ഒന്നിച്ചു കണ്ട് ഉറങിയാല്‍ മനസ്സില്‍ ആഗ്രഹിച്ച് പിയതമയേയോ പ്രിയതമനേയോ എന്നു പ്രണയ സങ്കല്പം.

പുലര്‍ക്കാലത്ത് കാണുന്ന സ്വപ്നങള്‍ സാക്ഷാത്കരിക്കപ്പെടും എന്ന് നമ്മള്‍ പലരും കേട്ടിട്ടുണ്ട് അല്ലേ? ഇനി ഒരു നിമിഷം ചിന്തിച്ചു നോക്കാമോ?സ്വപ്ങ്ങള്‍ ഇല്ലാത്ത് ഒരു ജീവിതത്തെ കുറിച്ച്?അങന്ര് ചിന്തിക്കുന്നത് പോലും നമുക്ക് വിഷമം തന്നെ അല്ലേ?

പ്രണയിനിയെ സ്വപ്നം കണ്ട് ഉറങുന്നവര്‍,വിരലിലെണ്ണാനാവത്ത കെട്ടിട സമുച്ചയത്തിന്റെ ഏസി ക്യാബിനിലിരുന്ന് കറങുന്ന കസേരയില്‍ ഇരിക്കുന്നത് സ്വപ്നം കാണുന്നവര്‍.അങെന്‍ പലതും സ്വപ്നം കണ്ടുറങുന്നവരാണ് നമ്മളില്‍ പലരും.

പ്രണയിക്കുന്നവര്‍ ഒരിപരിധിവരെ അവരുടെ മനസ്സിന്റെ ആഗ്രഹങള്‍ക്ക് പൂര്‍ത്തികരിക്കുന്നത് സ്വപ്നങളിലൂടെയാണ്.പാട്ടും പാടി വര്‍ണ്ണകുടകളും ചൂടി സിനിമാനായികമായി ഡാന്‍സും പാട്ടും കളിക്കുന്ന കൗമാരക്കാര്‍.ഇങനെ സ്വപ്നലോകത്തെ ബാലഭാസ്കരന്‍മാരു ഒരുപാടുണ്ട്.

പകല്‍ സ്വപ്നത്തിന്റെ മധുരത്തിനിടയില്‍ ജോലിനഷ്ടപ്പെട്ടവരും,ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തപ്പെട്ടവരും,കട്ടിലില്‍ നിന്നും താഴെ വീണവരും നമ്മുക്കിടയില്‍ ഒരുപാടുണ്ട്.


അതിരുകള്‍ ഇല്ലാത്ത് ലോകത്ത് മനസ്സിലെ ആഗ്രഹങളെ നിയന്ത്രണമില്ലാതെ മേയാന്‍ വിടുന്ന ആ മനോരാജ്യം.ആ മനോരാജ്യത്ത് ഒരിക്കലെങ്കിലും കടന്നു ചെല്ലാത്തവര്‍ ആരുംതന്നെ കാണില്ല.

മോഡല്‍

കേരളത്തിന്റെ വടക്ക് കണ്ണൂര്‍ ജില്ലയില്‍ ഉപ്പുസത്യാഗ്രഹത്തിലൂടെയും പവിത്രമോതിരത്തിനാലും പേരുകേട്ട പയ്യന്നൂര്‍.അതിനടുത്തായി പിലാത്തറ എന്ന അത്യാവശ്യം ജനതിരക്കുള്ള ഒരു ബസ് സ്റ്റാന്റ്.തിരക്കിനോടുന്ന ജനങള്‍ക്കിടയിലൂടെ കയ്യില്‍ ഒരു ഊന്നുവടിയുമായി എഴുപതിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.യാത്രക്കാരിയാണെന്ന് തെറ്റിധരിച്ചെങ്കില്‍ അല്ല.കീറി മുഴിഞ്ഞ വസ്ത്രവും നരച്ച് ജടപിടിച്ച മുടിയും അതായിരുന്നു രൂപം.അങനെ ഭിക്ഷയാചിച്ച് നടന്ന ആ സ്ത്രീയെ ആരും തിരിഞ്ഞു നോക്കിയില്ല .എന്റെ പയ്യന്നൂറ് യാത്രകളില്‍ മിക്കപ്പോഴും ഞാനും അങനെ അവരെ കാണാറുണ്ടായിരുന്നു.ഒരു പയ്യന്നൂറ് യാത്രയില്‍ പിലാത്തറ സ്റ്റാന്റിലേക്ക് ബസ്സ് കയറവേ വലതു ഭാഗത്തായി ഒരു പുതിയ ബേക്കറി തുടങിയതായി കണ്ടു.(കുംഭ ബേക്കറി) ബേക്കറിയേക്കാളും യാത്രക്കാരുടെ ശ്രദ്ധ അതിന്റെ ഫ്ളക്സ് ബോര്‍ഡിലായിരുന്നു.പലരും ആ ബോര്‍ഡിനെ പ്രശംസിച്ചു.ഞാനും അതുതന്നെ പറഞ്ഞു.കൊള്ളാം.ആ പരസ്യം പതിച്ച ബോര്‍ഡില്‍ അതിമധുരമുള്ള ലഡു ആസ്വദിച്ച് കഴിക്കാന്‍ തുടങുന്ന ഒരു സ്തീ.പലര്‍ക്കും ആ സ്തീയെ പരിചിതയായി തോന്നി.ഒടുവില്‍ എല്ലാരും ആ സ്തീയെ തിരിച്ചറിഞ്ഞു.പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നമ്മളുടേ മുന്നില്‍ കയ്യ് നീട്ടിയ അതേ ഭിക്ഷക്കാരി. ഏതോ ഒരു പരസ്യചിത്രകാരന്റെ ക്യാമറാകണ്ണില്‍ അവര്‍ ഒരു സുന്ദരിയായ മോഡലായി. വീണ്ടും അവര്‍ ഭിഷയാചിച്ചെത്തിയപ്പോള്‍ പതിവുപോലെ മുഖം തിരിച്ചു

അഛന്‍

അഛന്റെ മടിയിലിരുന്ന് മഴനോക്കി കൈക്കൊട്ടുവാനും,ഉത്സവപ്പറമൊകളില്‍ അഛന്റെ തോളിലിരുന്ന് കറങാനും ഭാഗ്യമുള്ളവരാണ് നമ്മളില്‍ പലരും. അയാള്‍ അവസാനമായി യാത്രചെയ്തത് മരണത്തിന്റെ വണ്ടിയിലായിരുന്നു.ഒരു മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീടിന്റെ ഓടുമാറ്റി കോണ്‍ക്രീറ്റ് ആക്കണം,അസുഖം ബാധിച്ചു കിടക്കുന്ന അമ്മയ്ക്ക് നല്ല ചികിത്സ നല്‍കണം,മക്കളെ നല്ലരീതിയില്‍ പഠിപ്പിക്കണം.ഭാര്യക്ക് ഒരു നുള്ള് പൊന്ന് , ഒരു സാധാരണക്കാരന്റെ സ്വപ്നങളുമായി അയാള്‍ പ്രവാസത്തിലേക്ക് യാത്രയായി . ജീവിതത്തിന്റെ വഴികള്‍ തെറ്റാതിരിക്കാന്‍ അയാള്‍ വളയം പിടിച്ചു. പക്ഷേ വിധിയുടെ തോന്ന്യാസം ..അല്ലെങ്കില്‍ എന്താ പറയുക...ഒരു യാത്രക്കിടയില്‍ പാഞ്ഞുവന്ന ആ വലിയ വാഹനം കവര്‍ന്നെടുത്തത് ഒരു മനുഷ്യന്റെ കുഞ്ഞു സ്വപ്നങളായിരുന്നു.അതിലുപരി തന്റെ ഭാര്യയുടെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിത്രുത്വം ആയിരുന്നു .കാലങള്‍ കടന്ന് പോയി പിച്ചവെച്ച നടക്കുന്ന കുഞ്ഞിനെ മടിയിലിരുത്തി ചോറുരുളകള്‍ വായില്‍ വച്ചു കൊടുക്കവേ ആകാശത്ത് തെളിഞ്ഞ് നില്‍ക്കുന്ന ചന്ദ്രനെ കാണിച്ച് ആ അമ്മ കണ്ണീരോടെ പറഞ്ഞുകൊടുത്തു " അതാ ,മോന്റെ അഛന്‍ " .അവനും മനസ്സിന്റെ ഉള്ളില്‍ ആ അഛന്റെ മുഖം വരച്ചിട്ടു .പിന്നെ ഒരിക്കല്‍ മടിയിലിരുന്ന് ആകാശത്തിലേക്ക് നോക്കിയ കുട്ടി കണ്ടത് പാതി മുറിഞ്ഞ ചന്ദ്രനായിരുന്നു.
ഒരല്പം വിഷമത്തോടെ അവന്‍ അമ്മയോട് പറഞ്ഞു " അമ്മേ അഛനെന്തോ പറ്റി , കണ്ടില്ലേ ? " കാലം കടന്നുപോയപ്പോള്‍ അവന്റെ മനസ്സും,വയസ്സും വളരുന്നു . ഒരു നിലാവില്ലാത്ത രാത്രി അവന്‍ തന്റെ അഛനെ നോക്കിയിരുന്നു, കണ്ടില്ല, മുറ്റത്തിറഞ്ഞി അവന്‍ ആകാശത്തിന് ചുറ്റിലും നോക്കി .അവന്റെ കണ്ണുകളില്‍ ഒരു നേര്‍ത്ത സങ്കടം വന്നുതുടങി. ഒടുവിലവന്‍ അമ്മയേ വിളിച്ച് ചോദിച്ചു. " അമ്മേ അഛന്‍ മരിച്ചു പോയോ? " അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട ആ അമ്മയ്ക്ക് അവനെ നെഞ്ചോട് ചേര്‍ത്ത കരയാന്‍ മത്രമേ കഴിഞ്ഞുള്ളൂ.

പെണ്‍കുട്ടി

അമ്പലകുളവും പട്ടുപാവാടയെയും
അവള്‍ സ്നേഹിച്ചിരുന്നു അവള്‍
ഓടക്കുഴലൂതുന്ന കണ്ണനെ
അവള്‍ ആരാധിച്ചു
നെറ്റിയില്‍ ചന്ദനം തൂകി
മുടിയില്‍ തുളസികതിര്‍ ചൂടിയ
അവള്‍ സുന്ദരിയായിരുന്നു
മതാപിതാക്കളില്‍ ആഗ്രഹം കൂടി
മകള്‍ എഞ്ചിനീയര്‍ ആകണം
അവള്‍ പട്ടണത്തിലേക്ക് ചേക്കേറി
കാലത്തിനൊപ്പം അവള്‍ മാറി
പമ്പിനേയും ജീന്‍സിനേയും സ്നേഹിച്ചു തുടങി
മൈക്കിള്‍ജാക്സനെ ആരാധിച്ചു
ചുണ്ടില്‍ ചുവപ്പ് വാരി തേച്ചുപിടിപിച്ചു
മുടിയില്‍ സ്വര്‍ണ്ണം പൂശി
അവള്‍ ഒരു ബ്യൂട്ടി ഗേളായി
ഒടുവില്‍ അവള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി
കയ്യില്‍ ഒരു കുട്ടിയുമായി
പരിഷ്കാരത്തിനൊപ്പം സംസ്കരിച്ച സംസ്കാരത്തിന്റെ
ഉത്തരവുമായി...